എന്റെ സ്ക്കൂള്‍ കാലയളവില്‍ തന്നെ ഈ മസ്തിഷ്ക്ക് കോളേജ് വലിയ വാര്‍ത്ത സൃഷ്ടിച്ചിരുന്നു... സ്ക്കൂളുകള്‍ക്ക് മുന്‍പിലും ഇടവഴികളിലും ഒട്ടിച്ച് പോസ്റ്ററുകളില്‍ 98 ശതമാന SSLC വിജയത്തിന്റെ വാര്‍ത്ത യായിരുന്നു.. പിന്നീട് കാണുന്നത് കോഴിക്കോട്ടെ നഗരപ്രാന്തങ്ങളില്‍ SSLC പരാജയപെടുന്നവരെ വിജയിപ്പിച്ചെടുക്കുന്ന പ്രത്യേക സെല്ല് ഈ വിദ്യഗ്രഹത്തില്‍ വളര്‍ന്ന് വരുന്നതാണ്. കാലത്ത് 6 മണിമുതല്‍ 8 വരെ ഒരു ബാച്ച് അതിന് ശേഷം 9 മുതല്‍ 1വരെ 1മതല്‍ 5 വരെ 5മുതല്‍ 7 വരെ. എന്നിങ്ങനെ ഇടമുറിയാതെ ബാച്ചുകളൊരുക്കി സജീവമാകുന്ന സമാന്തര വിദ്യാഭ്യാസ കച്ചവടം.. അതിലൂടെ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ തൊഴില്‍ രഹിതരുടെ ഇടക്കാല അത്താണിയാവുകയുമായിരുന്നു ഈ പ്രസ്ഥാനം.. ആദ്യകാലത്ത് ഒമ്പതും പത്തും ക്ലാസുകള്‍ക്കാണ് ട്യൂഷന്‍ ആരംഭിച്ചതെങ്കില്‍ പിന്നീട് കുറഞ്ഞ കാലയളവിനുള്ളില്‍ അഞ്ചുമുതലുള്ള ക്ലാസുകള്‍ക്ക് ട്യൂഷന്‍ ആരംഭിച്ചത് അറിച്ചിയിച്ചുകൊണ്ടുള്ള ബഹുവര്‍ണ്ണ പോസ്റ്ററുകളാണ് കാണുന്നത്.
1980 കളുടെ തുടക്കത്തിലാണ് ട്യൂഷന്‍സെന്റ്റുകള്‍ പാരലല്‍ കോളേജുകളായി രൂപാന്തരം പ്രാപിക്കുന്നത് എന്നാണ് തോന്നുന്നത് ലോവര്‍ പ്രൈമറിക്ക് വരെ ഇവിടങ്ങളില്‍ ക്ലാസുതുടങ്ങിയത് 80 കളുടെ ഒടുക്കത്തിലും.. 80 കളില്‍.. പെട്രോ ഡോളറിന്റെ വരവോടെ എഴുപതുകളുടെ പട്ടിണി ദിനങ്ങളില്‍ നിന്നും വിഭിന്നമായ ഒരു സാമൂഹികാന്തരീക്ഷം ഉരുതിരിയുകയായിരുന്നു. രാഷ്ട്രീയ അക്രമ സമര ആഭാസങ്ങളുടെ കേന്ദ്രമായിരുന്നു അക്കാലത്തെ സര്‍ക്കര്‍ സ്ക്കൂളുകള്‍.. ആഴ്ച്ചവട്ടത്തെ ഹൈസ്ക്കൂളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന ഈയുള്ളവന്‍ സ്ക്കൂളില്‍ ഉയര്‍ന്ന് കേട്ട മുദ്രാവാക്യത്തില്‍ ഒരു ‘തങ്കമണി’ സംഭവം ഉണ്ടായിരുന്നു.. അത് വല്ല കുമാരസംഭവം പോലെ ഒന്നാണ് എന്നായിരുന്നു അക്കാലത്തെ ധാരണ, മറിച്ച് തങ്കമണി ഇടുക്കിയിലെ പ്രദേശത്തിന്റെ പേരാണെന്നും മറ്റും മനസ്സിലാകുമ്പോഴേക്കും നാളുകള്‍ ഒരു പാട് കഴിഞ്ഞിരുന്നു. പറഞ്ഞുവന്നത് ഇത്തരം പ്രത്യേക സഹചര്യത്തില്‍ ട്യൂഷന്‍ സെന്റ്റുകളെ ആശ്രയിക്കാന്‍ രക്ഷിതാക്കള്‍ നിര്‍ബന്ധിതരാവുകയായിരുന്നു എന്ന് വേണം മനസ്സിലാക്കാന്‍.
അതിരാവിലെ സ്ക്കൂളിലേക്ക് പുസ്തകകെട്ടും ഭക്ഷണവും അതിന് പുറമെ ട്യൂഷന്‍ സെന്റ്റിന്റെ നോട്സും പുസ്തകളും എല്ലാം തോളത്ത് കയറ്റി നഗരത്തിലേ സ്ക്കുളിലേക്ക് കിളിയുടെ (പൂര) പാട്ടും കേട്ട് ബസ്സില്‍ തൂങ്ങി ഒരു യാത്ര ഒരു പരിധിവരെ സഹനീയമാണ്, എന്നാല്‍ സായന്തനത്തിലെ തിരിച്ചുള്ള യാത്രയെ എങ്ങിനെ വിശേഷിപ്പിക്കും എന്നറിഞ്ഞുകൂടാ.. തിക്കി നിരങ്ങി വിയര്‍ത്തുകുളിച്ച് ഒടുവില്‍ നേരെ.. അങ്ങാടിയിലെ ഏതെങ്കിലും കെട്ടിടത്തിന്റെ ഉച്ചിയില്‍ തകരഷീറ്റില്‍ ഉയര്‍ത്തിയ മേല്‍ക്കൂരക്ക് കീഴില്‍ കാറ്റും വെളിച്ചവും കടക്കാത്ത ഇടുങ്ങിയ ക്ലാസ് റൂമില്‍ അമ്പതിലധികം കുട്ടികള്‍ തിങ്ങി നിരങ്ങി ഇരിക്കുന്ന ട്യൂഷന്‍ സെന്റ്റിലെ കാഴ്ച്ച ഇന്നും ശ്വാസം മുട്ടിക്കാറുണ്ട്. ഇടനാഴിയില്‍ ഉയര്‍ന്ന് കേട്ട ചൂരലിന്റെ സീല്‍ക്കാരങ്ങളേക്കാള്‍ എന്നെ വേദനിപ്പിച്ചത് പഠനത്തില്‍ ഇത്തി പിന്നോക്കം നില്‍ക്കുന്നവരെ പരിഹസിക്കുന്ന അധ്യപകരുടെ കുത്തുവാക്കുകളായിരുന്നു. അത്യാവശ്യം പഠിക്കാന്‍ കഴിയുന്ന മടിയന്മാര്‍ ഇവിടെ നിന്ന് രണ്ട് കിട്ടുമ്പോള്‍ ശരിയാവാറുണ്ട് എന്നുള്ളതാണ് സത്യം എന്നാല്‍ അങ്ങിനെയെല്ലാത്ത ഒരു പത്തുശതമാനം എക്കാലയളവിലും ഉണ്ടായിട്ടുണ്ട്. ഇത്തരക്കാരെ എവിടെയും പരിഗണിക്കുന്നതായ് കണ്ടിട്ടില്ല. ഗ്രൂപ്പ് ഡിസ്ക്കഷനിലൂടെയുള്ള പഠനം ഇത്തരക്കാരെ ഒരു പരിധിവരെ സഹായിക്കാനാവും എന്നുള്ളത് അനുഭവ സാക്ഷ്യം.
നിലവില്‍ സര്‍ക്കര്‍ സ്ക്കൂളുകടക്കം നല്ല നിലവാരം പുലര്‍ത്തുന്ന സഹചര്യത്തില്‍ ഒരു മുറപോലെ കുട്ടികളെ ട്യൂഷന് അയക്കേണ്ടതുണ്ടോ.. എന്ന് വിചിന്തനം നടത്തേണ്ടതുണ്ട്.